കൊട്ടിയം : കൊട്ടിയം നഗര മധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് ഒന്നര ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്നു. സമീപത്തെ രണ്ടു കടകളിലും മോഷണ ശ്രമം നടത്തി. കൊട്ടിയം ജംഗ്ഷനില്‍ മയ്യനാട് റോഡില്‍ സ്ഥിതി ചെയ്യുന്ന ലുക്മാന്റെ ഉടമസ്ഥതയിലുള്ള എംഎകെ ബേക്കേഴ്സ് ആന്‍ഡ് മൊബൈല്‍ ഫോണ്‍ കടയിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്.
ഇന്നലെ രാവിലെ കടയുടമ എത്തിയപ്പോഴാണ് ഷട്ടറിന്റെ ഒരു പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ഷട്ടറിന്റെ ഒരു പൂട്ടു തകര്‍ത്ത ശേഷമാണ് മോഷ്ടാവ് കടയ്ക്കുള്ളില്‍ കയറിയത്. കടയിലെ വിറ്റുവരവു പണവും സാധനങ്ങള്‍ വാങ്ങാന്‍ സൂക്ഷിച്ചിരുന്ന പണവുമാണ് കൗണ്ടര്‍ തകര്‍ത്ത് മോഷ്ടിച്ചത്. സമീപത്തെ കടയിലെ കാമറയില്‍ നിന്ന് മോഷണം നടത്തുന്നയാളുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
നീല ഷര്‍ട്ടും പാന്റും ധരിച്ച് കൈവശം ഒരു ബാഗുമായി വന്ന ആളാണ് മോഷ്ടാവ്. ഇയാള്‍ മോഷണം നടത്തുന്നതിന് മുമ്പ് എംഎകെ ബേക്കറിയ്ക്ക് എതിര്‍വശത്തുള്ള ഗോള്‍ഡ് കവറിംഗ് കടയ്ക്ക് മുന്നില്‍ ഇരിക്കുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്. ബേക്കറിയില്‍ മോഷണം നടത്തിയ ശേഷം സമീപത്തെ ലോട്ടറിക്കടയുടെ ഷട്ടറിന്റെ പൂട്ടും തകര്‍ക്കാന്‍ ശ്രമിച്ചു. പിന്നീട് തൊട്ടടുത്തുള്ള ചെരിപ്പു കടയിലും മോഷണശ്രമം നടത്തി.പോലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.